കണ്ണൂർ: നാലര പഞ്ചായത്തിലെ നാല് വരി പാതയെ റോഡ് ഫണ്ട് ബോർഡ് കയ്യൊഴിയുന്നോ? നാലര പഞ്ചായത്തിൽ മാത്രമായി നിർമിക്കാൻ പദ്ധതിയിട്ട 4 വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗമാണ് പൊതുമരാമത്ത് വകുപ്പിന് തിരികെ കൊടുത്ത് റോഡ് ഫണ്ട് ബോർഡ് കൈയ്യൊഴിഞ്ഞത്. പകരം പഴയ ചുരം ഡിവിഷനിൽ പെട്ട കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയെ റോഡ് ഫണ്ട് ബോർഡ് കൈവശം വയ്ക്കുകയും ചെയ്തു. 2026 ജനുവരിയിൽ പിണറായി സർക്കാരിൻ്റെ കാലത്താണ് ഈ തിരികെ കൊടുക്കലും കൈവശം വയ്ക്കലും ആരുമറിയാതെ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ആരെയുമറിയിക്കാതെ ഒന്നാമത്തെ പിണറായി സർക്കാരാണ് മലയോര ഹൈവേയിലെ 16 കിലോമീറ്റർ ദൂരം റോഡ് ഫണ്ട് ബോർഡിന് കൈമാറിയതും. വിമാനത്താവള കമ്പിനിയായ കിയാലിന് ഭാവിയിൽ കൈമാറാൻ സാധിക്കും വിധം പദ്ധതി തയാറാക്കി വയനാട്ടിലെ പച്ചിലക്കാട്ട് നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് എന്ന് പ്രചരിപ്പിച്ചാണ് 4 വരി പാതയ്ക്ക് പദ്ധതി തയാറാക്കിയത്. ആരാണ് പദ്ധതി തയാറാക്കി നൽകിയതെന്ന് വ്യക്തമല്ല. വിമാനത്താവളമുണ്ടെങ്കിൽ അവിടേയ്ക്ക് എല്ലാ ഭാഗത്ത് നിന്നും നാല് വരി പാതയോ ആറ് വരി പാതയോ വേണമെന്ന ഒരു അന്ധവിശ്വാസം പരത്തിയാണ് കണ്ണൂർ ജില്ലയിൽ സർക്കാരും സിപിഎമ്മും കുറേ നാലു വരി പാത പദ്ധതികൾ കൊണ്ടുവന്നത്. പദ്ധതികളെല്ലാം രൂപകൽപന ചെയ്ത് പിണറായി വിജയനും മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കൂടിയാണെന്നാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ലഭിക്കുന്ന വിവരം. കരാറുകാരുടെ ഇന്നർ സർക്കിളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. ആരോടും ചർച്ച ചെയ്യാതെ പിണറായി വിജയൻ അങ്ങ്പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ പദ്ധതികൾക്കും 2000 കോടിയൊക്കെ മാറ്റിവച്ചതായി പ്രഖ്യാപിച്ച് ജനത്തെ മായാലോകത്തിലേക്ക് വിടും. കുറേ പേർ വികസനം എന്ന വാക്കിലെ തട്ടിപ്പ് മനസ്സിലാക്കി മുതലെടുപ്പിനും ചിലർ ആളാകാൻ വേണ്ടി വികസന നായക വേഷം കെട്ടിയും ചാടിയിറങ്ങും.ഇത് മുതലടുത്ത് കോടികളുടെ പദ്ധതി തയാറാക്കി പാർട്ടിക്കാരെ ഉപയോഗിച്ച് പ്രചരിപ്പിക്കും. കുറേ സർവ്വേകളും കുറ്റിയടികളും ഒക്കെയായി സംഗതി പൊലിപ്പിക്കും. കൺസൾട്ടൻസികളെ വച്ച് കുറേ ചെലവ് ചെയ്യും. അത്തരം ചെലവുകളിൽ കൂടി വൻ തുക കൈവശപ്പെടുത്തും. ഇതാണ് മിനിമം പ്രോഗ്രാം. സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളിൽ കൂടി നാല് വരി പാതകൾ നിർമിക്കാൻ നടത്തിയ നീക്കം നല്ല വിവരമുള്ള സഖാക്കൾ ഇടപെട്ട് തടഞ്ഞു. എന്നാൽ അമ്പായത്തോട് - മണത്തണ മട്ടന്നൂർ നാല് വരി പാതയെ മാത്രം വികസനവാദികൾ ഏറ്റെടുത്ത് നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഇതിനായി സിപിഎം കാർ മുൻകൈ എടുത്ത് നടപ്പിലാക്കിയ അജണ്ടയിൽ കുറച്ചു കോൺഗ്രസുകാർ കേറി തലയിട്ടു. ആ വകയിൽ, ഉണ്ടാക്കിയ കമ്മിറ്റികളുടെ തലപ്പത്തേക്ക് വിശാലമനസ്കത അഭിനയിച്ചു ഫലിപ്പിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി കുറേ കോൺഗ്രസുകാരേ പിടിച്ചു നിർത്തി ഭpവാഹികളുമാക്കി.. രണ്ടാം വിജയൻ സർക്കാരിൻ്റെ അവസാന കാലമായപ്പോഴേക്കും സിപിഎം സഖാക്കൾ പതിയെ മുൻനിരയിൽ നിന്ന് മുങ്ങാൻ തുടങ്ങി. ഒടുക്കം വികസനവാദികളായി ചമഞ്ഞ കുറച്ച് കോൺഗ്രസുകാർ മാത്രം ബാക്കിയായി. അവരാകട്ടെ ആവേശ കമ്മിറ്റിയുമായി നടപ്പാണ്. ഇതാണ് റോഡിൻ്റെ രാഷ്ട്രീയ ലൈൻ.
എന്നാൽ യഥാർത്യമോ? ഇതൊരു ശാസ്ത്രീയ അടിത്തറയുള്ള പദ്ധതിയല്ലെന്ന് റോഡ് ഫണ്ട് ബോർഡിലേയും പൊതുമരാമത്ത് വകുപ്പിലേയും എഞ്ചിനീയർമാർക്കറിയാം. അവർക്ക് മുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടാക്കി എൽപ്പിച്ച പദ്ധതിയാണെന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏത് കോൺഗ്രസുകാരനും മനസ്സിലാകും. വെറും നാലര പഞ്ചായത്തിൽ 4 വരി പാതയുണ്ടാക്കിയാൽ സർക്കാരിന് കാര്യമായ ലാഭമോ വരുമാനമോ കിട്ടില്ല. വയനാട്ടിലേക്ക് ബോയ്സ് ടൗൺ റോഡിനെ വികസിപ്പിച്ച് 4 വരി പാത നീട്ടാമെന്ന മോഹവുമായി ഇറങ്ങിപ്പുറപ്പെട്ടാൽ കേരളം മൊത്തം പണയം വച്ചാലും മതിയാകാതെ വരും. 4 വരി പാത വികസനവാദികൾക്ക് ബോയ്സ് ടൗൺ ചുരം പാതയല്ലാതെ മറ്റൊരു പാതയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല താനും. ആ സമ്പൂർണ യോഗ്യ ചുരം പാതയ്ക്കായി എത്ര കോടാനുകോടി കൊണ്ടുപോയി കൊക്കയിലിട്ടലാലും കുഴപ്പമില്ല, പക്ഷെ ചുരമില്ലാ പാത നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന വാശിയും അവർക്കുണ്ട്. ബദൽ പാതകളെ പോലും അംഗീകരിക്കാനും പറ്റില്ല. ഇന്ത്യ ഭയങ്കര ടെക്നോളജിക്കൽ സൗകര്യമുള്ള രാജ്യമായതിനാൽ ഏത് ദുർഘടം പിടിച്ച സ്ഥലത്തു വേണമെങ്കിലും റോഡ് വെട്ടും എന്ന വെല്ലുവിളിയാണ് മെയിൻ കലാപരിപാടി. ഇവിടെ ക്ഷേമപെൻഷൻ കൊടുക്കാനുള്ള പണം പോലുമില്ലാത്ത കാലിയായ ഖജനാവും കടം വാങ്ങി കടം കൊടുക്കുന്ന കിഫ്ബിയുമാണ് ആകെയുള്ളതെന്ന് തിരിച്ചറിയാൻ ഇപ്പോഴും പലർക്കും സാധിച്ചിട്ടില്ല. റോഡ് ഫണ്ട് ബോർഡിനും താൽപര്യം മറ്റൊന്നായിരുന്നു. മണത്തണ മുതൽ അമ്പായത്തോട് വരെ മലയോര ഹൈവേയ്ക്ക് 12 മീറ്റർ വീതിയിൽ സ്ഥലമുണ്ട്. ബാക്കി 12 മീറ്റർ മാത്രം വില കൊടുത്തു വാങ്ങിയാൽ ലാഭമാണ്. മണത്തണയ്ക്കപ്പുറം മട്ടന്നൂർ വരെ 6 മീറ്റർ റോഡിന് പുറത്തുള്ള 18 മീറ്റർ ഭൂമിയും വില കൊടുത്തു വാങ്ങണം. റോഡ് നിർമിച്ചു കഴിഞ്ഞ് പ്രതീക്ഷിക്കുന്ന വരുമാനം ഇല്ലങ്കിൽ വേണമെങ്കിൽ വിമാനത്താവള കമ്പിനിക്ക് റോഡ് വിൽക്കാൻ റോഡ് ഫണ്ട് ബോർഡിന് കഴിയും. ടോളോ ഫാസ്റ്റ് ടാഗോ യൂസർ ഫീയോ വാങ്ങാം. ബോർഡ്, വില കൊടുത്തു വാങ്ങി റോഡുണ്ടാക്കുന്ന ഭൂമി സ്വകാര്യ വ്യക്തിയുടെ സ്ഥലം പോലെയാണ്. വേണമെങ്കിൽ വിൽക്കാം. പൊതുമരാമത്ത് ആണ് 4 വരി പാത ഉണ്ടാക്കുന്നതെങ്കിൽ വിൽപനയോ കൈമാറ്റമോ നടക്കില്ല. നടന്നാൽ തന്നെ എളുപ്പവുമല്ല. അതിനാണ് റോഡ് ഫണ്ട് ബോർഡിനെ പണി ഏൽപ്പിച്ചത്. റോഡുകൾ കമ്പനിക്ക് വിറ്റാൽ പിന്നെ ജനങ്ങൾ കമ്പിനിയുടെ വ്യവസ്ഥകൾ പാലിക്കേണ്ടി വരും. ഇതെല്ലാം കണക്ക് കൂട്ടിയാണ് മുകളിൽ നിന്ന് പദ്ധതി കെട്ടിയിറക്കിയത്. ഒടുവിൽ മഞ്ഞക്കുറ്റിയടിച്ച് വളച്ചു വയ്ക്കാനും പറ്റി. മലയോര ഹൈവേയ്ക്ക് ജനങ്ങൾ സൗജന്യമായി നൽകിയ ഭൂമി ചുളുവിൽ റോഡ് ഫണ്ട് ബോർഡിൻ്റെ കയ്യിലെത്തി. കിഫ് ബി പണം തിരിച്ചടയ്ക്കാൻ കഴിയാതെ ഭാവിയിൽ റോഡ് വിൽക്കേണ്ടി വന്നാൽ സൗജന്യ ഭൂമി വിറ്റും കാശ് ഉണ്ടാക്കാൻ പറ്റും! ഇതായിരുന്നു ബുദ്ധി.
കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചില പദ്ധതികൾ കഴിഞ്ഞവർഷം തന്നെ കലക്ടറും പോലീസ് മേധാവിയും ജനപ്രതിനിധികളും ചേർന്ന് ആവിഷ്കരിക്കുകയും അവ സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. നിലവിലുള്ള മലയോര ഹൈവേയുടെ ടാറിങ്ങിന് പുറത്ത് ഫുട്ബാത്തിന് പകരം കോൺക്രീറ്റ് ചെയ്യുവാനും കാൽനട യാത്രക്കാർക്ക് സൗകര്യം ഒരുക്കാനും ഉള്ളതായിരുന്നു ഒരു പദ്ധതി. റോഡിലേക്ക് വെള്ളം കയറി ഒഴുകാതിരിക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജുകൾ നിർമ്മിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. ഇതിനിടയിലാണ് റോഡ് ഫണ്ട് ബോർഡ് മലയോര ഹൈവേയുടെ മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഭാഗം പൊതുമരാമത്ത് വകുപ്പിന് തിരിച്ചേൽപ്പിച്ചത്. റോഡ് തിരികെ കിട്ടിയതിന് പിന്നാലെ അറ്റകുറ്റപ്പണിക്കായി നാലു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് 2026 ജനുവരിയിൽ നൽകി. എന്നാൽ ആ പദ്ധതിയെ മന്ത്രി കണ്ടതായി പോലും ഭാവിച്ചില്ല. എംഎൽഎ അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയപ്പോൾ ഈ പദ്ധതി ശരിയാവില്ലെന്നും മറ്റൊരു പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി നൽകാനും മുകളിൽ നിന്ന് നിർദ്ദേശം ഉണ്ടായി. അത് പ്രകാരം രണ്ടുകോടി രൂപ ചെലവ് വരുന്ന ഒരു പദ്ധതി തയ്യാറാക്കി വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകി. എന്നാൽ ഉത്സവം തുടങ്ങുന്ന സമയം വരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല ഒരു രൂപയുടെ സഹായം പോലും നൽകിയില്ല. സ്ഥലം എംഎൽഎയുടെ നിർബന്ധം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് എങ്ങനെയൊക്കെയോ കുറച്ചു ദൂരത്ത് മൺപണികൾ എന്ന പേരിൽ ചില പണികളൊക്കെ നടത്തി എന്നത് ഒഴിച്ചാൽ മറ്റൊരു സൗകര്യവും ഉത്സവകാലത്തേക്ക് പൊതുമരാമത്ത് വകുപ്പ് നൽകിയില്ല. ഇതിനിടയിൽ സർക്കാർ മാറി കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ വന്നതോടെ കിട്ടിയതെല്ലാം ലാഭം ആണെന്ന് കണക്കാക്കി റോഡ് ഫണ്ട് ബോർഡ് സ്ഥലം കാലിയാക്കി. ഇങ്ങനെ പോയപ്പോഴും പ്ലാനോ എസ്റ്റിമേറ്റ് ഇല്ലെങ്കിൽ പോലും അത്യാവശ്യഘട്ടങ്ങളിൽ എത്ര കോടികൾ വേണമെങ്കിലും ചെലവ് ചെയ്യാൻ സാധിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിനെ കൈപ്പിടിയിൽ നിർത്താനും റോഡ് ഫണ്ട് ബോർഡിന് സാധിച്ചു. നാലുവരി പാതയിലെ മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തിരികെ കൊടുത്തതും റോഡ് ഫണ്ട് ബോർഡ് ചുരം റോഡ് കൈവശം വെക്കുന്നതും ഇപ്പോഴും പൊതുജനം അറിഞ്ഞിട്ടില്ല. നാലുവരിപ്പാതയ്ക്കായി അഹോരാത്രം പണിയെടുക്കുന്ന വികസന വാദികൾ അക്കാര്യം ആരോടും പറഞ്ഞിട്ടുമില്ല. ഒരു വശത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭീഷണി നിലനിൽക്കുകയും മറുവശത്തുകൂടി റീലൊക്കേഷൻ പദ്ധതിയുടെ പേരിൽ വനം വകുപ്പ് കൃഷിയിടങ്ങളെ വിഴുങ്ങാൻ തയ്യാറായി നിൽക്കുകയും ചെയ്യുമ്പോൾ വന്യമൃഗങ്ങൾ തിന്നുതീർക്കാത്ത കൃഷിയിടങ്ങളെ വിട്ടു ഒഴിഞ്ഞു കർഷകർ കുടിയൊഴിയാൻ നിർബന്ധിതരായിരിക്കുന്ന അവസരത്തിലാണ് ഉള്ള സമതലവും പട്ടണങ്ങളും ഇടിച്ചു നിരത്തിയും വിഭജിച്ചും ഒരു നാലുവരിപ്പാത സൃഷ്ടിച്ച വികസനം എത്തിക്കാമെന്ന് പ്രചരണം നടക്കുന്നത്. വയനാട്ടിലെ പച്ചിലക്കാട് നിന്ന് കണ്ണൂർ വിമാനത്താവളം വരെ റോഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പദ്ധതി നിന്ന് പച്ചിലക്കാട് മുതൽ അമ്പായത്തോട് വരെയുള്ള ഭാഗം ആദ്യം അപ്രത്യക്ഷമായിരുന്നു. ബോയ്സ് ടൗൺ മുതൽ അങ്ങോട്ടേക്ക് വയനാട്ടിൽ നാലുവരിപ്പാത വേണ്ട എന്ന നിലപാടാണ് ജനപ്രതിനിധികൾ അടക്കം സ്വീകരിച്ചത്. ഏറ്റവും ദുർഘടമായ ഭാഗത്ത് വെറും 3.8 മീറ്റർ മാത്രം വീതിയിൽ റോഡ് ഉള്ള, വികസിപ്പിക്കാൻ പരിമിതികൾ ഉള്ള കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിനായി ഇതിനിടയിൽ 41 കോടി രൂപ വകയിരുത്തുകയും ചെയ്തു. മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ 24 മീറ്റർ വീതിയിലും അമ്പായത്തോട് മുതൽ പാൽചുരം വരെ 12 മീറ്റർ വീതിയിലും അവിടുന്ന് വയനാട് ഭാഗത്തേക്ക് ലഭ്യമാകുന്ന പരമാവധി വീതിയിലും റോഡ് നിർമ്മിക്കാം എന്നാണ് സാങ്കൽപ്പിക നാല് വരി പാതയുടെ പദ്ധതി ഒടുക്കം ഉണ്ടായിരുന്നത്. പദ്ധതിയുടെ പേര് വയനാട് കണ്ണൂർ വിമാനത്താവളം കണക്ടിവിറ്റി റോഡ് എന്നാണെന്ന് കൂടി ഓർക്കണം. എന്തിനാണ് വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഒരു 4 വരി റോഡ് എന്ന ചോദ്യം കൂടി ചോദിച്ചാൽ ഈ പദ്ധതിയിലെ തമാശ കൂടുതൽ വ്യക്തമാകും. വയനാട്ടിൽ നിന്ന് കാർഷിക വാണിജ്യ ഉൽപ്പന്നങ്ങൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിക്കുകയും അവിടെ നിന്ന് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും തിരച്ച് ഇറക്കുമതിയും വിപണവും ചെയ്യുന്നതിന് വേണ്ടിയും വയനാട്ടിൽ നിന്നും തിരിച്ചും യാത്രക്കാർക്ക് സുഗമവും സുരക്ഷിതവും ആയി വിമാനത്താവളത്തിൽ എത്താൻ വേണ്ടിയും സൗകര്യം ഒരുക്കുകയും ആണ് റോഡ് പദ്ധതിയുടെ ലക്ഷ്യമത്രേ. പക്ഷേ സർക്കാരിന് പ്രത്യേകിച്ച് സാമ്പത്തിക ലാഭം ഒന്നും സമീപഭാവിയിൽ പോലും ലഭിക്കാത്ത ഭാഗത്ത് മാത്രം നാലുവരിപ്പാത നിർമ്മിക്കുകയും ബാക്കി ഭാഗം ഒക്കെ രണ്ടു വരിയും കിട്ടാവുന്ന വരിയും മാത്രമായി അവശേഷിക്കുകയും ചെയ്യുമ്പോഴാണ് ഈ പദ്ധതിയുടെ വിഡ്ഢിത്തം കൂടുതൽ വ്യക്തമാകുന്നത്. ഒരു ആധുനിക ടൂറിസ്റ്റ് ബസിനോ ഒരു ടിപ്പർ ലോറിക്കോ കടന്നു പോകാൻ കഴിയാത്ത വിധം ഇടുങ്ങിയ ഒരു ചുരം റോഡിനെ നിലനിർത്തിക്കൊണ്ട് എന്തു വാണിജ്യ വ്യവസായ നേട്ടമാണ് ഉണ്ടാക്കാൻ കഴിയുന്നതെന്ന് പദ്ധതി ഉണ്ടാക്കിയവർ ഇതുവരെ വിശദീകരിച്ചിട്ടില്ല. അതിന് ബദൽ പാത വേണം എന്ന തമാശയാണ് മറുപടി. ബദൽ ഏതെന്ന് ചോദിച്ചാൽ ചോദിക്കുന്നതിന് മുമ്പേ മറുപടി പറയും ചുരമില്ലാത്ത പാത പറ്റില്ല വേറെ വഴി ഏതെങ്കിലും കണ്ടുപിടിക്കണം എന്ന്. കോടാനുകോടികൾ മുടക്ക് മുതൽ വരുന്ന വേറെ വഴി കണ്ടുപിടിക്കാൻ ആണ് ഇന്ന് ശ്രമം നടത്തിയത്. മാത്രമല്ല നിർമ്മിക്കുന്ന പാത പ്രകൃതി സന്തുലിതാവസ്ഥയ്ക്ക് യോജിച്ചതാണോ എന്ന പരിശോധന പോലും നടത്തിയില്ല. സമതലങ്ങളെ ഇല്ലായ്മ ചെയ്തു ഉണ്ടാക്കുന്ന നാലുവരി പാത എവിടെയാണ് വികസനം എത്തിക്കുക എന്ന കാര്യത്തിലും കൃത്യമായ ഉത്തരമില്ല. ഇതിനേക്കാൾ എല്ലാം വലിയ തമാശ ഒരു നാലുവരിപ്പാത ഉണ്ടാക്കുമ്പോൾ ആ പത ഉപയോഗിക്കുന്ന വാഹനങ്ങളുടെ അളവ് എത്രയെന്ന് നിശ്ചയിക്കണമെന്ന് ഒരു നിബന്ധന കൂടിയുണ്ട്. ആ പരിശോധന നടത്തിയിട്ടുണ്ടോ എന്ന് പോലും ഇതുവരെ വ്യക്തമല്ല. വിമാനത്താവളത്തിലേക്ക് മറ്റും നിർമ്മിക്കുന്ന സുപ്രധാന റോഡുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എത്രയെന്ന് കണക്കെടുപ്പു പോലും കൃത്യമായി നടത്താതെയാണ് ഈ റോഡിൻ്റെ നടപടിക്രമങ്ങൾ ഒക്കെ മുന്നേറിയത്. സാമൂഹിക ആഘാത പഠനം എന്ന പേരിൽ നടത്തിയ തട്ടിക്കൂട്ട് റിപ്പോർട്ട് യഥാർത്ഥത്തിൽ 40 കിലോമീറ്റർ ദൂരത്തിലുള്ള ജനങ്ങളുടെ നഷ്ടം എത്ര കൊണ്ട് ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയമാണ് ഉയർത്തുന്നത്. സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർ തൊഴിൽ നഷ്ടപ്പെടുന്നവർ വീട് നഷ്ടപ്പെടുന്നവർ ഭൂമി നഷ്ടപ്പെടുന്നവർ പൊതുസ്ഥാപനങ്ങൾ നഷ്ടപ്പെടുന്നത് എന്നിവയുടെയൊക്കെ വ്യാപ്തി എത്രയെന്ന് കൃത്യമായി വിവക്ഷിക്കാതെയാണ് സാമൂഹിക ആഘാത പഠനം നടത്തിയിട്ടുള്ളത്. പാരിസ്ഥിതിക ആഘാത പഠനം അതിനേക്കാൾ കോമഡി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്തായാലും ഭാവിയിൽ വരുമാനമുള്ള മുഴുത്ത കഷണവുമായി റോഡ് ഫണ്ട് ബോർഡ് സ്ഥലം വിട്ടു. ഇനി പൊതുമരാമത്ത് വകുപ്പ് നാലുവരിപ്പാത ഉണ്ടാക്കുമോ എന്ന് കാത്തിരിക്കുകയാണ് മലയോരം . നാടിന്റെയും മലയോരത്തിന്റെയും അവിടെയുള്ള ജനങ്ങളുടെയും വികസനവും സൗകര്യങ്ങളും വളർത്തുകയാണ് ലക്ഷ്യമെങ്കിൽ പ്രായോഗികമായ പദ്ധതികൾ, കൂടുതൽ മേഖലകൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ പുതിയതായി ആവിഷ്കരിക്കുന്നത് ആവും ഭാവിക്ക് നല്ലത് . എന്ത് സംഭവിക്കും എന്ന് ജനത്തിന് കാത്തിരിക്കാം. പിണറായിയുയുടേയും റിയാസിൻ്റെയും സാമ്പാർ പാത തന്നെ യുഡിഎഫും തുടരുമോ അതോ സമഗ്രവികസനത്തിന് ഉതകുന്ന നല്ല പദ്ധതികൾ ഒരുക്കുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. അതു വരെ മഞ്ഞക്കുറ്റികൾ മലയോരത്തും പ്രതിഷ്ഠ പോലെ നിൽക്കും.
Was the Manathana Ambayathodu hilly highway section, which was acquired by the Road Fund Board for a four-lane road in Nalara Panchayat, returned to the Public Works Department without anyone knowing?






















